06:33pm 03 May 2026
NEWS
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആശയവിനിമയത്തിന് ഉപയോ​ഗിക്കുന്നത് മൊബൈൽ ഫോണും ഇന്റർനെറ്റുമല്ല
12/01/2026  05:15 AM IST
nila
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആശയവിനിമയത്തിന് ഉപയോ​ഗിക്കുന്നത് മൊബൈൽ ഫോണും ഇന്റർനെറ്റുമല്ല

ഔദ്യോഗിക ആവശ്യങ്ങൾക്ക് മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോ​ഗിക്കാറില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യക്തമാക്കി. ‘വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2026’ന്റെ ഉദ്ഘാടന ചടങ്ങിൽ യുവാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

ഇന്റർനെറ്റ് ഉപയോഗിക്കാത്തത് യാഥാർത്ഥ്യമാണെന്നും, കുടുംബപരമായ കാര്യങ്ങൾക്കോ വിദേശത്തുള്ളവരുമായി സംസാരിക്കാനോ ഉള്ള അപൂർവ സാഹചര്യങ്ങളിൽ മാത്രമാണ് ഫോൺ ഉപയോഗിക്കുന്നതെന്നും ഡോവൽ പറഞ്ഞു. തന്റെ പ്രവർത്തനശൈലിക്ക് അനുസരിച്ച് ആശയവിനിമയത്തിനായി പൊതുവെ അറിയപ്പെടാത്ത മറ്റു സംവിധാനങ്ങളും ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

അജിത് ഡോവലിന്റെ വാക്കുകൾ ഇങ്ങനെ: 

‘‘ഞാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ല എന്നത് സത്യമാണ്. കുടുംബപരമായ കാര്യങ്ങൾക്കോ അല്ലെങ്കിൽ മറ്റു രാജ്യങ്ങളിലുള്ളവരുമായി സംസാരിക്കാനോ അല്ലാതെ ഫോണും ഉപയോഗിക്കാറില്ല. അത് അനിവാര്യമായ കാര്യമാണ്. എന്റെ ജോലികൾ ആ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ആശയവിനിമയത്തിന് മറ്റു നിരവധി മാർഗങ്ങളുണ്ട്. ആളുകൾക്ക് അറിയാത്ത ചില അധിക സംവിധാനങ്ങളും ആശയവിനിമയത്തിനായി ഒരുക്കേണ്ടിവരും’’.

ഇന്ത്യയുടെ അഞ്ചാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് അജിത് ഡോവൽ. കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഇന്റലിജൻസ്, ആഭ്യന്തര സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ദീർഘകാല അനുഭവം നേടിയിട്ടുണ്ട്. 1945ൽ ഉത്തരാഖണ്ഡിൽ ജനിച്ച ഡോവൽ 1968ൽ ഐപിഎസിൽ ചേർന്നു. മിസോറാം, പഞ്ചാബ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ കലാപവിരുദ്ധ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img